എഴുത്തുകാരി, കലാകാരി, സാമൂഹ്യക പ്രവർത്തക എന്നീ നിലകളില്‍ പ്രശസ്തയാണ് കല്‍ക്കി സുബ്രഹ്‌മണ്യം. രണ്ട് ബിരുദാനന്തര ബിരുദങ്ങളുള്ള കല്‍ക്കി, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള സഹോദരി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സ്ഥാപകയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള ഇന്ത്യയിലെ ഏക ദ്വിഭാഷാ കവയിത്രിയാണ് അവര്‍. ഇംഗ്ലീഷില്‍ 'വി ആര്‍ നോട്ട് ദി അതേഴ്സ്', തമിഴില്‍ 'കുറി അറുത്തേന്‍', 'ഒരു തിരുനങ്കയിന്‍ ഡയറിക്കുറിപ്പ്' എന്നിങ്ങനെ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതകള്‍ ജര്‍മ്മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനം, കല, സാഹിത്യം എന്നീ മേഖലകളിലെ സംഭാവനകള്‍ക്ക് അവര്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുഎസ്എയിലെ ഹാര്‍വാര്‍ഡ്, യേല്‍, കോര്‍ണല്‍, റട്‌ജേഴ്‌സ്, കാല്‍സ്റ്റേറ്റ് നോര്‍ത്ത്‌റിഡ്ജ് സര്‍വകലാശാലകളും യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും തന്റെ സര്‍ഗ്ഗാത്മക-സാമൂഹിക പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായി അവരെ ക്ഷണിച്ചിട്ടുണ്ട്.